Tuesday, July 12, 2011

ശല്യസന്ദേശങ്ങളെ ഇനി പേടിക്കേണ്ട

മൊബൈല്‍ഫോണില്‍ നമ്മുടെ സൈ്വര്യംകെടുത്താനെത്തുന്ന ശല്യസന്ദേശങ്ങളെ (ശല്യമെസേജുകളെ) നിയന്ത്രിക്കാന്‍ പുതിയ സോഫ്ട്‌വേര്‍ പിറവിയെടുത്തു. ഡല്‍ഹിയില്‍ ഇന്ദ്രപ്രസ്ഥ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്‍ഫര്‍േേഷന്‍ ടെക്‌നോളജിയിലെ (ഐ.ഐ.ഐ.ടി.) വിദഗ്ധരാണ് ഇതു രൂപപ്പെടുത്തിയത്. 'എസ്.എം.എസ്. അസാസിന്‍' (SMS Assassin) എന്നു പേരിട്ടിരിക്കുന്ന ഈ സോഫ്ട്‌വേര്‍ മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ നമുക്ക് താത്പര്യമില്ലാത്ത ഒരു ശല്യമെസേജും (spam messages) ഫോണിലേക്ക് വരില്ല.

ശല്യമെസേജുകളില്‍തന്നെ നമുക്ക് എന്തെങ്കിലും താത്പര്യമുള്ളവ മാത്രം മൊബൈലിലേക്ക് കടത്തിവിടാനുള്ള സൗകര്യവും ഈ സോഫ്ട്‌വേറിലുണ്ട്. ഐ.ഐ.ഐ.ടി.യിലെ അസിസ്റ്റന്റ് പ്രൊഫസര്‍ പൊന്നുരംഗം കുമാരഗുരു, ഗവേഷകവിദ്യാര്‍ഥി കുല്‍ദീപ് യാദവ് എന്നിവര്‍ ചേര്‍ന്നാണ് പുതിയ സോഫ്ട്‌വേര്‍ രൂപപ്പെടുത്തിയത്.

പരസ്യ എസ്.എസ്.എം.എസുകളുടെ എണ്ണം അനിയന്ത്രിതമാം വര്‍ധിക്കുന്നത് ശ്രദ്ധയില്‍ പെട്ടപ്പോഴാണ് ഇത്തരമൊരു സോഫ്ട്‌വേറിനെക്കുറിച്ച് ആലോചിച്ചതെന്ന് പൊന്നുരംഗം കുമാരഗുരു 'മാതൃഭൂമി'യോടു പറഞ്ഞു. ഒരുദിവസം രാജ്യമൊട്ടാകെ പത്തുകോടി പരസ്യ എസ്.എം.എസുകള്‍ പ്രചരിക്കുന്നുണ്ട്. ഈ രംഗത്തെ കമ്പനികളുടെ കിടമത്സരം കാരണം 3,500 രൂപ മുടക്കിയാല്‍ ഒരുലക്ഷം മെസേജുകള്‍ വരെ അയക്കാന്‍ സാധിക്കുന്ന സ്ഥിതിയാണുള്ളത്.

തിരക്കിനിടയില്‍ നമ്മുടെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്തുന്നവയാണ് ഇത്തരം മിക്ക മെസേജുകളും. എന്നാല്‍, ഇവയില്‍ ചിലതെങ്കിലും നമുക്ക് ഉപകാരപ്പെടുന്നവയാകാം. ചിലര്‍ക്ക് ശല്യമെസേജെന്നുതോന്നുന്നത് മറ്റുചിലര്‍ക്ക് താത്പര്യമുള്ളതാകാം. അതുകൊണ്ടുതന്നെ എല്ലാ പരസ്യമെസേജുകളും നിയന്ത്രിക്കാനുള്ള ടെലിഫോണ്‍ റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) യുടെ പദ്ധതി ഫലപ്രദമാകില്ല. വേണ്ട സന്ദേശങ്ങള്‍ മാത്രം തിരഞ്ഞെടുക്കുകയും മറ്റുള്ളവ ഇന്‍ബോക്‌സിലെത്തും മുമ്പേ ഡിലീറ്റ് ചെയ്യലുമാണ് എസ്.എം.എസ്. അസാസിന്‍ സോഫ്ട്‌വേറിന്റെ ധര്‍മമെന്ന് പൊന്നുരംഗം അറിയിക്കുന്നു.

നിലവില്‍ നോക്കിയയുടെ സിംബിയന്‍ പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ഫോണുകളില്‍ മാത്രമേ 'എസ്.എം.എസ്. അസാസിന്‍' പ്രവര്‍ത്തിക്കൂ. താമസിയാതെ ആന്‍ഡ്രോയിഡ്, വിന്‍ഡോസ് മൊബൈല്‍ 7 പ്ലാറ്റ്‌ഫോമുകളിലും പ്രവര്‍ത്തിക്കുന്ന രീതിയില്‍ പുതിയ സോഫ്ട്‌വേര്‍ പരിഷ്‌ക്കരിക്കുമെന്ന് പൊന്നുരംഗം പറയുന്നു. അമേരിക്കയിലെ അരിസോണയില്‍ ഈമാസം നടന്ന ഹോട്ട്‌മൊബൈല്‍ 2011 അന്താരാഷ്ട്ര മൊബൈല്‍കോണ്‍ഫറന്‍സില്‍ അവതരിപ്പിക്കപ്പെട്ട 'എസ്.എം.എസ്. അസാസിന്‍' സോഫ്ട്‌വേറിന്റെ വികസന പരിപാടികള്‍ നടന്നുവരികയാണ്.

തുടര്‍ഗവേഷണത്തിനായി പരസ്യഎസ്.എം.എസുകള്‍ അയച്ചുതരണമെന്നാവശ്യപ്പെട്ട് പൊന്നുരംഗവും ശിഷ്യന്‍മാരും ഫെയ്‌സ്ബുക്കില്‍ പ്രത്യേകപേജ് തുടങ്ങിയിട്ടുണ്ട്.
http://en-gb.facebook.com/SMSAssassin?v=info എന്ന േഫസ്ബുക്ക് അക്കൗണ്ടിലേക്കോ +91 8826068429 എന്ന മൊബൈല്‍ നമ്പറിലേക്കോ നമുക്ക് വരുന്ന പരസ്യമെസേജുകള്‍ ഫോര്‍വേഡ് ചെയ്തുകൊടുത്ത് അവരെ സഹായിക്കാം. പതിനഞ്ചുദിവസത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ മെസേജുകള്‍ ഫോര്‍വേഡ് ചെയ്യുന്നവര്‍ക്ക് പ്രത്യേക സമ്മാനങ്ങളും വാഗ്ദാനം ചെയ്യുന്നു.

അതിനിടെ, പരസ്യ എസ്.എം.എസുകള്‍ നിയന്ത്രിക്കാന്‍ ട്രായ് പ്രഖ്യാപിച്ച എസ്.എം.എസ്. നിയന്ത്രണപരിപാടി വീണ്ടും നീളുകയാണ്. മാര്‍ച്ച് ഒന്ന് മുതല്‍ നടപ്പാകുമെന്ന് പറഞ്ഞ പദ്ധതി ഏപ്രില്‍ ഒന്നിലേക്ക് നീട്ടിയിട്ടുണ്ട്. ടെലിമാര്‍ക്കറ്റിങ് കമ്പനികളും മൊബൈല്‍ഫോണ്‍ ഉപഭോക്താക്കളും താത്പര്യമെടുക്കാത്തതുതന്നെ പ്രധാനകാരണം. ടെലിമാര്‍ക്കറ്റിങ് കമ്പനികള്‍ തങ്ങളുടെ കീഴില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും തങ്ങളനുവദിക്കുന്ന നമ്പറുകളില്‍ നിന്നുമാത്രമേ മെസേജുകള്‍ അയക്കാന്‍ പാടുള്ളൂ എന്നും ട്രായ് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ വിരലിലെണ്ണാവുന്ന കമ്പനികള്‍ മാത്രമേ അതനുസരിച്ചുള്ളൂ.

പരസ്യമെസേജുകള്‍ താത്പര്യമില്ലാത്ത ഉപഭോക്താക്കള്‍ അക്കാര്യമറിയിച്ചുകൊണ്ട് എസ്.എം.എസ്. അയക്കണമെന്ന ട്രായ് നിര്‍ദേശവും സ്വീകരിക്കപ്പെട്ടില്ല. രാജ്യമെങ്ങുമായി പതിനഞ്ചുശതമാനം മൊബൈല്‍വരിക്കാര്‍ മാത്രമേ ഇതുവരെ ഇങ്ങനെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളൂ. അങ്ങനെ ചെയ്താല്‍ നമുക്ക് താത്പര്യമുളള ഓഫറുകളുടെ എസ്.എം.എസുകള്‍ പോലും ലഭിക്കാതാകും എന്നതാണ് ട്രായ് പദ്ധതിയുടെ പ്രധാനന്യൂനത. എന്തായാലും ഏപ്രില്‍ ഒന്ന് മുതല്‍ എസ്.എം.എസ്. നിയന്ത്രണപദ്ധതി നടപ്പാക്കുമെന്നാണ് ട്രായ് പ്രഖ്യാപിച്ചിരിക്കുന്നത്

♪♪വീഡിയോയില്‍ പേരും ചിത്രവും ചേര്‍ക്കാന്‍ ഒരു കുഞ്ഞന്‍ സോഫ്റ്റ്വെയര്‍ ♪♪

നമ്മള്‍ യൂ ടൂബിലും മറ്റും വീഡിയോ സ്ഥിരം കാണുന്നവരാണല്ലോ... അതില്‍ ചില വീഡിയോകളിലെങ്കിലും നമ്മുടെ കൂട്ടുകാരവരുടെ പേരും ചിലപ്പോള്‍ അവരുടെ സൈറ്റിന്റെ ലോഗോയൊ അവരുടെ ചിത്രമോ ഒക്കെ വീഡിയോ പ്ലേ ആവുന്ന ഭാഗത്തു കയറ്റിയിട്ടുണ്ടാവും,അതിനെല്ലാം സാധാരണ വലിയ വലിയ സൈസുള്ള സോഫ്റ്റ് വെയറുകള്‍ ആണു ഉപയോഗിച്ചിട്ടുണ്ടാവുക,എന്നാല്‍ ഇതാ വെറും 773 കെ ബി മാത്രം സൈസുള്ള ഈ കുഞ്ഞന്‍ സോഫ്റ്റ് വെയര്‍ നിങ്ങള്‍ക്കതിനു ഉപയോഗിക്കാം,
ആദ്യം ഈ സോഫ്റ്റ് വെയര്‍ഇവിടെ ക്ലിക് ചെയ്തു ഡൌണ്‍ ലോഡ് ചെയ്യുക


                                                   http://www.computric.com/2011/07/how-to-add-your-image-or-text-in-to-an-you-tube-video-exclusieve-tip/











Friday, July 08, 2011

മാമ്പഴം കഴിയ്ക്കൂ.. തടി കുറയും


മാമ്പഴമെന്നു പറയുമ്പോഴേ വായില്‍ വെള്ളമൂറുന്നവരാണ് എല്ലാവരും. വേനല്‍ക്കാലമാണ് മാമ്പഴക്കാലം. പണ്ടൊക്കെയാണെങ്കില്‍ വേനലവധിയും മാമ്പഴക്കാലവുമെല്ലാമായി കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഉത്സവമാണ്. പറമ്പിലെ മാവും മാങ്ങാക്കാലവുമൊക്കെ നമ്മള്‍ മലയാളികള്‍ക്ക് അന്യമായിത്തുടങ്ങിയെങ്കിലും വിപണിയില്‍ എല്ലാവര്‍ഷവും മാമ്പഴക്കാലം തകൃതിയാണ്.
രുചിയുടെ കാര്യത്തില്‍ മാത്രമല്ല മാമ്പഴം മുന്നില്‍ നില്‍ക്കുന്നത് ആരോഗ്യപരമായ കാര്യങ്ങളിലും മാമ്പഴം മുമ്പന്‍തന്നെ. നാരുകള്‍ കൊണ്ട് സമ്പന്നമാണ് മാമ്പഴം. അതുകൊണ്ടുതന്നെ ശരീരത്തിലെ അധികകൊഴുപ്പ് കുറയ്ക്കാനും മാമ്പഴത്തിന് കഴിവുണ്ട്.
ഒരു മാമ്പഴം കഴിച്ചാല്‍ വയറു നിറയും, പിന്നീട് കുറേനേരത്തേയ്ക്ക് എന്തെങ്കിലും കഴിയ്ക്കുകയെന്നതിനെക്കുറിച്ച് ഓര്‍ക്കുകപോലും വേണ്ട. ഇതിലെ നാരുകള്‍ അടിഞ്ഞൂകൂടിയിരിക്കുന്ന കൊഴുപ്പ് പ്രവര്‍ത്തിക്കാന്‍ കാരണമാകുന്നു അതുവഴിയാണ് തടികുറയുന്നത്. ബീറ്റ കരോട്ടിന്റെ ഉറവിടമാണ് മാമ്പഴം. പലതരത്തിലുള്ള കാന്‍സറുകള്‍ തടയാന്‍ ബീറ്റാ കരോട്ടിന് കഴിവുണ്ടെന്ന് നേരത്തേ കണ്ടെത്തിയിട്ടുണ്ട്.
ഇടനേരത്തേ ജങ്ക് ഫുഡ് കഴിച്ച് വണ്ണം കൂട്ടുന്നതിന് പകരം മാമ്പഴക്കാലമായാല്‍ ഒരു മാമ്പഴം കഴിയ്ക്കൂവെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ഒരൊറ്റ മാമ്പഴത്തില്‍ത്തന്നെ ഒരു ദിവസത്തേയ്ക്ക് മുഴുവന്‍ ആവശ്യമായ വിറ്റമിന്‍ സി ശരീരത്തിന് ലഭിയ്ക്കും.
എല്ലുകളെ ദൃഡമാക്കിമാറ്റുന്നതിന് സഹായിക്കുന്ന ധാതുക്കളും മാമ്പഴത്തില്‍ അടങ്ങിയിട്ടുണ്ട്. ഒപ്പം കാത്സ്യം, മഗ്നീഷ്യം, വിറ്റമിന്‍ ബിയും വേണ്ടത്രയുണ്ട്. മറ്റ് പഴയങ്ങളെയപേക്ഷിച്ച് ഒരു ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍ പറ്റുന്ന ഏറ്റവും നല്ല പഴമാണ് മാമ്പഴം. ദിവസവും മാമ്പഴം കഴിയ്ക്കുന്നത് ചര്‍മ്മ സൗന്ദര്യം വര്‍ധിക്കാനും ചര്‍മ്മത്തെ മൃദുവാക്കാനും സഹായിക്കുമത്രേ. ഈ മാമ്പഴം ശരിയ്ക്കും ഒരു കിടിലന്‍ അല്ലേ.
കേരളത്തില്‍ കാലവര്‍ഷം ശക്തമായതോടെ മാമ്പഴക്കാലം ഏതാണ്ട് അവസാനിച്ചു. എന്നാല്‍ കര്‍ണാടകത്തില്‍ ഇപ്പോഴും പലേടത്തും മാമ്പഴ ഫെസ്റ്റിവലുകള്‍ നടക്കുകയാണ്. പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റുകളിലെല്ലാം വളരെ കുറഞ്ഞ വിലയ്ക്ക് മാമ്പഴം ലഭിയ്ക്കുന്നുണ്ട്. മല്ലിക, അല്‍ഫോന്‍സ പോലുള്ള വിലകൂടിയ ഇനങ്ങള്‍ക്കുപോലും സീസണ്‍ പ്രമാണിച്ച് വിലകുറഞ്ഞിട്ടുണ്ട്.

സ്ത്രീകളുടെ സുരക്ഷ



സ്ത്രീകളുടെ സുരക്ഷ വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന സ്മാര്‍ട്ട്‌ഫോണ്‍ ആപ്ലിക്കേഷനുമായി കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കമ്പനി രംഗത്തെത്തി. 'സെന്റിനെല്‍' (Sentinel) എന്ന പേരുള്ള ഈ ആപ്ലിക്കേഷന്‍ പുറത്തിറക്കിയത് 'മൈന്‍ഡ്ഹിലിക്‌സ് ടെക്‌നോളജീസ് എല്‍എല്‍പി' എന്ന കമ്പനിയാണ്.
സ്ത്രീകളുടെ സുരക്ഷ ലക്ഷ്യമാക്കി രംഗത്തെക്കുന്ന ആദ്യ സ്മാര്‍ട്ട്‌ഫോണ്‍ ആപ്ലിക്കേഷനാണിതെന്ന് കമ്പനി അവകാശപ്പെടുന്നു. നഗരങ്ങളില്‍ താമസിക്കുന്ന സ്ത്രീകളെ മുന്നില്‍ കണ്ടാണ് സെന്റിനെല്‍ ആപ്ലിക്കേഷന്‍ രൂപപ്പെടുത്തിയിരിക്കുന്നതെന്ന്, മൈന്‍ഡ്ഹിലിക്‌സ് കമ്പനിയുടെ സഹസ്ഥാപകരിലൊരാളായ ക്രിസ്റ്റിന്‍ ഇമ്മാനുവല്‍ ജോര്‍ജ് വാര്‍ത്താഏജന്‍സികളെ അറിയിച്ചു.
ഒരു സൗജന്യ ആപ്ലിക്കേഷനാണ് സെന്റിനെല്‍. മുന്‍കൂട്ടി സെറ്റ് ചെയ്തിരിക്കുന്ന ഫോണ്‍ നമ്പറുകളിലേക്കും ഇമെയില്‍ അക്കൗണ്ടുകളിലേക്കും ഒറ്റയടിക്ക് അലെര്‍ട്ടുകള്‍ അയയ്ക്കാന്‍ ഈ ആപ്ലിക്കേഷന്‍ സഹായിക്കും. ആള്‍ ഏറ്റവും ഒടുവില്‍ എവിടെയാണ്, ഏത് ദിശയിലേക്കാണ് സഞ്ചിരിക്കുന്നത്, വാഹനം ഏതാണ്, അതിന്റെ നമ്പര്‍ തുടങ്ങിയ വിവരങ്ങളൊക്കെ ഫോണില്‍ എന്റര്‍ ചെയ്ത്, ആ വിവരങ്ങള്‍ അടുത്ത സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്ക് അയച്ചു കൊടുക്കാന്‍ ഈ ആപ്ലിക്കേഷന്‍ സാഹായിക്കും.
ആന്‍ഡ്രോയിഡ്, ബ്ലാക്ക്ബറി, സിമ്പിയന്‍, ഐഫോണ്‍, ജാവാ പ്ലാറ്റ്‌ഫോമുള്ള സ്മാര്‍ട്ട്‌ഫോണുകള്‍ തുടങ്ങിയവയിലൊക്കെ ഈ ആപ്ലിക്കേഷന്‍ പ്രവര്‍ത്തിക്കും. http://sentinel.mindhelix.com/ എന്ന സൈറ്റില്‍ നിന്ന് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാനാകും.
സുരക്ഷ ഇന്നൊരു വലിയ പ്രശ്‌നമായി മാറിയിരിക്കുന്നു. ഭീഷണികളുണ്ടാകുമ്പോള്‍ അതെപ്പറ്റി അലെര്‍ട്ടുകള്‍ നല്‍കുക വഴി സുരക്ഷയ്ക്കുള്ള ഒരു അധിക കവചമായി സെന്റിനെല്‍ മാറും-ജോര്‍ജ് പറഞ്ഞു.
സ്ത്രീകളില്‍ 53 ശതമാനം പേരും സുരക്ഷിതരല്ല എന്ന തോന്നലുള്ളവരാണെന്ന് അസോച്ചാം സോഷ്യല്‍ ഡെവലപ്‌മെന്റ് ഫൗണ്ടേഷന്‍ നടത്തിയ സര്‍വ്വെ വ്യക്തമാക്കുന്നു. ജോലിക്ക് പോകുമ്പോഴും വരുമ്പോഴും, പ്രത്യേകിച്ചും രാത്രിയില്‍, സ്ത്രീകളുടെ ഉത്ക്കണ്ഠ ഏറുന്നു. ഈ സാഹചര്യം മുന്‍നിര്‍ത്തിയാണ് മൈന്‍ഡ് ഹിലിക്‌സ് പുതിയ ആപ്ലിക്കേഷന്‍ രംഗത്തെത്തിച്ചത്. 

ഒടുവില്‍ ഐപാഡിലേക്ക് ഫെയ്‌സ്ബുക്കെത്തുന്നു !!!!!!!!!!


പേഴ്‌സണല്‍ കമ്പ്യൂട്ടിങിന്റെ അലകുംപിടിയും മാറ്റിയ സംഭവമാണ് ഐപാഡിന്റെ ആവിര്‍ഭാവം. 2010 ജനവരി അവസാനം രംഗത്തെത്തിയ ആപ്പിളിന്റെ ടാബ്‌ലറ്റ് കമ്പ്യൂട്ടര്‍ ലോകമെങ്ങും തരംഗങ്ങള്‍ തന്നെ സൃഷ്ടിച്ചു. ഐപാഡ് രംഗത്തെത്തി ഒന്നര വര്‍ഷമായിട്ടും പക്ഷേ, ഫെയ്ബുക്കിന്റെ ഒരു ഐപാഡ് ആപ്ലിക്കേഷന്‍ (iPad app) ഔദ്യോഗികമായി നിലവില്‍ വന്നിട്ടില്ലെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ! വിശ്വസിച്ചേ തീരൂ, അതാണ് സത്യം!

ഈ അവസ്ഥയ്ക്ക് പക്ഷേ മാറ്റം വരാന്‍ പോവുകയാണ്. വരുന്ന ആഴ്ചകളില്‍ തന്നെ ഫെയ്‌സ്ബുക്ക് ഒരു സൗജന്യ ഐപാഡ് ആപ്ലിക്കേഷന്‍ പുറത്തിറക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ടാബ്‌ലറ്റ് കമ്പ്യൂട്ടറിനായി ശ്രദ്ധാപൂര്‍വം ചിട്ടപ്പെടുത്തിയ ആപ്ലിക്കേഷനാണിത്.

2008 ജൂലായില്‍
ആപ്പിള്‍ ആപ്പ് സ്റ്റോര്‍ (Apple App Store) ആരംഭിച്ച സമയത്ത് തന്നെ അവിടെ ഫെയ്‌സ്ബുക്കിന്റെ ഐഫോണ്‍ ആപ്ലിക്കേഷന്‍ സ്ഥാനംപിടിച്ചിരുന്നു. എന്നാല്‍, ഐപാഡ് വിപണിയിലെത്തി ഒരു വര്‍ഷത്തിലേറെയായിട്ടും ആതിനു വേണ്ടി ഓപ്റ്റിമൈസ് ചെയ്ത ഒരു ആപ്ലിക്കേഷന്‍ ഫെയ്‌സ്ബുക്കിന് പുറത്തിറക്കാന്‍ കഴിഞ്ഞില്ല.

ഇപ്പോള്‍ രംഗത്തെത്താന്‍ പോകുന്ന ഐപാഡ് ആപ്ലിക്കേഷന്റെ രൂപകല്‍പ്പന ഫെയ്ബുക്കില്‍ ആരംഭിച്ചിട്ട് ഒരു വര്‍ഷത്തോളമായി. രൂപഘടനയില്‍ പലതരം പരിഷ്‌ക്കാരങ്ങള്‍ നടത്തി അവസാനഘട്ട പരീക്ഷണോപയോഗം ഇപ്പോള്‍ നടന്നു വരികയാണ്.

ഐപാഡ് ആപ്പിന്റെ രൂപഘടനയ്ക്ക് നേരിട്ട് മേല്‍നോട്ടം വഹിക്കുന്നത് ഫെയ്‌സ്ബുക്ക് മേധാവി മാര്‍ക്ക് സൂക്കര്‍ബര്‍ഗ് തന്നെയാണ്. ഐപാഡിന്റെ ടച്ച്‌സ്‌ക്രീന്‍ സമ്പര്‍ക്കമുഖത്തിന് യോജിച്ച വിധത്തില്‍ മനോഹരമായി ചിട്ടപ്പെടുത്തിയ ഡിസൈനാണ് അതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഫെയ്‌സ്ബുക്ക് ചാറ്റ്, ഫെയ്ബുക്ക് ഗ്രൂപ്പ് ഫീച്ചറുകളും ഐപാഡ് ആപ്ലിക്കേഷനില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

ഫെയ്‌സ്ബുക്ക് സൈറ്റിലില്ലാത്ത ചില സവിശേഷതകളും ഫെയ്‌സ്ബുക്കിന്റെ ഐപാഡ് ആപ്ലിക്കേഷനിലുണ്ടാകും. ഐപാഡിലെ ബില്‍ട്ടിന്‍ ക്യാമറയുപയോഗിച്ച് ഫോട്ടോകളും വീഡിയോകളും ഷൂട്ടുചെയ്ത് ഫെയ്‌സ്ബുക്കിലേക്ക് നേരിട്ട് അപ്‌ലോഡ് ചെയ്യാനുമുള്ള സൗകര്യമായിരിക്കും അവയിലൊന്ന്.

'ഐപാഡ് ആപ്ലിക്കേഷനില്‍ ഫോട്ടോകളും വീഡിയോകളും നല്‍കുന്ന അനുഭവം അത്ഭുതകരമാണ്, പൂര്‍ണ റസല്യൂഷനില്‍ ഫുള്‍സ്‌ക്രീനില്‍ തന്നെ ദൃശ്യങ്ങള്‍ ആസ്വദിക്കാം'-ആപ്ലിക്കേഷന്‍ വികസിപ്പിക്കുന്നതില്‍ സഹകരിക്കുന്ന ഒരാള്‍ 'ന്യൂയോര്‍ക്ക് ടൈംസി'നോട് പറഞ്ഞു.

ഐപാഡ് പോലുള്ള ടാബ്‌ലറ്റുകളിലെ ടച്ച്‌സ്‌ക്രീനുകള്‍ക്ക് അനുഗുണമായി വെബ്ബ് ഇന്റര്‍ഫേസ് ഓപ്റ്റിമൈസ് ചെയ്യാന്‍ ഫെയ്‌സ്ബുക്ക് തയ്യാറാകാത്തതില്‍ ഒട്ടേറെ ഉപഭോക്താക്കള്‍ക്ക് അതൃപ്തിയുണ്ടായിരുന്നു. ചില ഡെവലപ്പര്‍മാര്‍ സ്വന്തം നിലയ്ക്ക് ഫെയ്‌സ്ബുക്ക് സൗഹൃദ ആപ്ലിക്കേഷനുകള്‍ രൂപകല്‍പ്പന ചെയ്യുകയുണ്ടായി. മൈ പാഡ് (My Pad), ഐഫെയ്‌സ് (iFace), ഫ്രണ്ട്‌ലി (Friendly) തുടങ്ങിയവയൊക്കെ അത്തരം ആപ്ലിക്കേഷനുകളാണ്.

നിലവില്‍ 25 കോടിയിലേറെ ഉപഭോക്താക്കള്‍ ഏതെങ്കിലുമൊരു മൊബൈല്‍ ഉപകരണം വഴിയാണ് ഫെയ്‌സ്ബുക്കിലെത്തുന്നതെന്ന് കമ്പനി പറയുന്നു. ലോകത്താകമാനം ഏതാണ്ട് 70 കോടി ഫെയ്‌സ്ബുക്ക് അംഗങ്ങളുണ്ട് . ഈ പശ്ചാത്തലത്തില്‍ ഐപാഡ് പോലുള്ള മൊബൈല്‍ ഉപകരണത്തില്‍ ഫെയ്‌സ്ബുക്ക് നന്നായി ഉപയോഗിക്കാന്‍ കഴിയും എന്നു വരുന്നത്, ഫെയ്‌സ്ബുക്കിന് മാത്രമല്ല ആപ്പിളിനും ഗുണംചെയ്യുന്ന സംഗതിയാണ്.

ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് ടാബ്‌ലറ്റുകളാണ് ഐപാഡിന്റെ മുഖ്യ പ്രതിയോഗികള്‍. ആ മത്സരത്തില്‍ ഫെയ്‌സ്ബുക്കിന്റെ പുതിയ ആപ്ലിക്കേഷന്‍ ഐപാഡിന് കരുത്തു വര്‍ധിപ്പിക്കുമെന്നാണ് കരുതുന്നത്. ലോകത്താകമാനം ഇതിനകം 250 ലക്ഷം ഐപാഡുകള്‍ വിറ്റഴിഞ്ഞു.

ഫെയ്‌സ്ബുക്കിന്റെ വര്‍ധിച്ച ജനപ്രീതി മുതലെടുക്കാന്‍ പാകത്തില്‍ പുതിയ ആപ്ലിക്കേഷന്‍ പ്രാധാന്യത്തോടെ ആപ്പ് സ്റ്റോറില്‍ കാണിക്കാന്‍ ആപ്പിള്‍ പദ്ധതിയിടുന്നതായാണ് സൂചന.

ഐപാഡ് ആപ്ലിക്കേഷന് പുറമെ, ഐപാഡിന് യോജിച്ച വിധത്തില്‍ ഫെയ്‌സ്ബുക്ക് സൈറ്റിന്റെ ഒരു മുന്തിയ വകഭേദം അവതരിപ്പിക്കാനും ഫെയ്‌സ്ബുക്ക് കമ്പനിക്ക് പരിപാടിയുണ്ടെന്നറിയുന്നു. പക്ഷേ, അത് എപ്പോള്‍ യാഥാര്‍ഥ്യമാവും എന്നകാര്യം വ്യക്തമല്ല.